കൊല്ലം–ചെങ്കോട്ട പാതയിൽ ട്രെയിനിടിച്ച് കടുവയ്ക്ക് ദാരുണാന്ത്യം; പാലരുവി എക്സ്പ്രസ് അരമണിക്കൂർ പിടിച്ചിട്ടു
കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിനിടിച്ച് കടുവ ചത്തു. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് പുലർച്ചെ രണ്ടോടെ അപകടമുണ്ടായത്. തൂത്തുക്കുടിയിൽനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസാണ് കടുവയെ ഇടിച്ചത്. അപകടത്തെത്തുടർന്ന് ട്രെയിൻ യാത്ര താത്കാലികമായി നിർത്തിവച്ചു. ട്രെയിനിലെ ജീവനക്കാരാണ് സംഭവം തമിഴ്‌നാട് വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയുടെ ജഡം നീക്കം ചെയ്തു. ഇതിനു ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം റെയിൽ ഗതാഗതം തടസപ്പെട്ടു.
