Headlines

കൊച്ചി വിമാനത്താവളത്തിൽ രണ്ട് ബാറുകൾക്ക് ലൈസൻസ്; വിവാദത്തിൽ കൈകഴുകി മന്ത്രി

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ രണ്ട് ബാറുകൾ ആരംഭിക്കാൻ സർക്കാർ എഫ്‌എൽ–7 ലൈസൻസ് അനുവദിച്ചതോടെ വീണ്ടും ബാർ വിവാദം. ലൈസൻസ് അനുവദിച്ച വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന വിശദീകരണവുമായി മന്ത്രി എം. ലിജു രംഗത്തെത്തി. എറണാകുളത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുൾപ്പെടെ പുതിയ ബാറുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുംമുമ്പാണ് സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയ നടപടി.

എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവാണ് ലൈസൻസ് അനുവദിച്ചതെന്നും ഇതുസംബന്ധിച്ച് അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ ചട്ടങ്ങൾ പാലിച്ചാണ് ലൈസൻസ് നൽകിയതെന്നും നടപടികൾ സർക്കാരിനെയും മന്ത്രിയെയും അറിയിച്ചിരുന്നുവെന്നുമാണ് എക്‌സൈസ് കമ്മിഷണറുടെ വിശദീകരണം. ഇതിനിടെ കമ്മിഷണറെ മാറ്റണമെന്ന ആവശ്യം മന്ത്രി മുഖ്യമന്ത്രിക്കു മുന്നിൽ ഉന്നയിച്ചതായും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ചോദ്യത്തിന്, ദീർഘകാലം ഒരാൾക്ക് ഒരേ പദവിയിൽ തുടരാനാകില്ലെന്നും സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ മാറ്റം സ്വാഭാവികമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ അഞ്ച് ബാറുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. ഓരോ തവണയും അനുമതി വിവാദമാകുമ്പോൾ കീഴുദ്യോഗസ്ഥരെ ഉത്തരവാദികളാക്കി സർക്കാർ പ്രതിരോധത്തിലാകുന്നതായാണ് വിമർശനം. നേരത്തെ ബിയർ, വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് സ്റ്റാർ ഹോട്ടൽ പദവി ലഭിച്ചതിനെത്തുടർന്ന് ബാർ ലൈസൻസ് അനുവദിച്ച നടപടികൾ പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply