
ഇടുക്കി: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗിക്ക് ദാരുണാന്ത്യം. അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് കട്ടപ്പന–പുളിയൻമല സംസ്ഥാനപാതയിൽ അപകടമുണ്ടായത്.
ശ്വാസംമുട്ടലിനെ തുടർന്ന് അണക്കര അൽഫോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയത്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കെട്ടിടത്തിനരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു. രാജന്റെ രണ്ട് കൂട്ടിരിപ്പുകാർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
