
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശയാത്രാ അനുമതി ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശിക്ഷിക്കപ്പെട്ട ശേഷം ഒരു ദിവസം പോലും ജയിലിൽ കഴിയാതെ മുഴുവൻ സമയവും ജയിൽ ആശുപത്രിയിൽ കഴിഞ്ഞ തച്ചങ്കരിക്ക്, ഇത്രയേറെ അസുഖങ്ങളുമായി വിദേശത്ത് പോയി ജോലി ചെയ്യാനാകുമോയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ചോദിച്ചു.
ഷാർജയിലെ സ്വകാര്യ സ്ഥാപനത്തിൽ ഓപ്പറേഷണൽ മാനേജരായി ജോലി ലഭിച്ചിട്ടുണ്ടെന്നും അതിനായി ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്നുമാണ് തച്ചങ്കരി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ജയിലിൽ പ്രവേശിക്കുമ്പോൾ മാത്രം ഗുരുതര രോഗങ്ങളുണ്ടാകുകയും പുറത്തിറങ്ങിയാൽ വിദേശത്ത് പോയി ജോലി ചെയ്യാൻ സന്നദ്ധനാകുകയും ചെയ്യുന്ന പ്രവണതയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഹർജി നൽകിയതെന്ന് ബോധ്യപ്പെട്ടാൽ ജാമ്യം റദ്ദാക്കേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ നാലുവർഷത്തെ കഠിനതടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. തുടർന്ന് ഒക്ടോബർ 15ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു.
