
തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. പൂന്തുറ സ്വദേശി മുജീബ് റഹ്‌മാൻ, വിഴിഞ്ഞം സ്വദേശി സഹദ് എന്നിവരാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും എംഡിഎംഎ വാങ്ങിയ ശേഷം തമിഴ്നാട്ടിലെ നാഗർകോവിലിൽ എത്തി അവിടെ നിന്നും സ്കൂട്ടറിൽ വിഴിഞ്ഞത്തേക്ക് കടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിൽ നിന്നും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
