
അഡിസ് അബാബ: എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാൾ ആഘോഷത്തിൽ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യാതിഥിയാകും. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥ്യാസിന്റെ ക്ഷണം സ്വീകരിച്ചാണ് കാതോലിക്കാ ബാവാ എത്യോപ്യയിലെത്തിയത്.
ബോലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും അഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിലും കാതോലിക്കാ ബാവായ്ക്ക് ഔദ്യോഗിക സ്വീകരണം നൽകി. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ എത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂനാ മത്ഥ്യാസ് മലങ്കരസഭാധ്യക്ഷനെ സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് കത്തീഡ്രലിൽ പ്രാർത്ഥന നടത്തി.
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധി സംഘവും കാതോലിക്കാ ബാവായോടൊപ്പമുണ്ട്. അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഫാ. ഡോ. ജോസി ജേക്കബ്, ഫാ. അശ്വിൻ ഫെർണാണ്ടസ്, ഫാ. ഗീവർഗീസ് ജോൺസൺ, ജേക്കബ് മാത്യു, ജോജോ പി. ജോൺ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ സ്ലീബാ പെരുന്നാൾ നാളെ അഡിസ് അബാബയിലെ മെസ്ക്കൽ സ്ക്വയറിൽ നടക്കും. പെരുന്നാൾ ചടങ്ങുകളിൽ കാതോലിക്കാ ബാവാ മുഖ്യാതിഥിയായി പങ്കെടുക്കും.
