Headlines

ഹോർമുസിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം; ടാങ്കറിന് തീപിടിച്ചു

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം. കുവൈത്ത് പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കർ കസിമ-3-ന് നേരെയാണ് അജ്ഞാത പ്രോജക്ടൈൽ പതിച്ചത്. തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് നിലവിലെ വിവരം.

യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) പ്രകാരം ഒക്ടോബർ ഒന്നിന് അർധരാത്രിയോടെയാണ് ടാങ്കറിന് നേരെ അജ്ഞാത വസ്തു പതിച്ചത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിക്കുകയായിരുന്നു. കപ്പലിനുണ്ടായ നാശനഷ്ടത്തിന്റെ തോതും കടലിൽ എണ്ണച്ചോർച്ചയുണ്ടായോ എന്നതും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സംഭവങ്ങൾ അധികൃതരെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബറിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കപ്പൽ ആക്രമണമാണിത്. സെപ്റ്റംബർ 28, 29 തീയതികളിലായി 24 മണിക്കൂറിനിടെ നാല് ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. സെപ്റ്റംബറിൽ മാത്രം ഹോർമുസ് കടലിടുക്കിൽ കുറഞ്ഞത് 16 കപ്പൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആക്രമണഭീഷണി കണക്കിലെടുത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന നിരവധി കപ്പലുകൾ എഐഎസ് ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്താണ് യാത്ര ചെയ്യുന്നത്. ഇതുമൂലം കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നതും അധികൃതർക്ക് ബുദ്ധിമുട്ടാണ്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading