Headlines

കോവളം തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിത്തം; രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളം തീരത്തിന് സമീപം മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് ബോട്ട് പൂർണമായും കത്തിനശിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് ആന്റണി’ എന്ന ബോട്ടിനാണ് പുലർച്ചെ തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇമ്മാനുവേൽ, നേപ്പാൾ സ്വദേശി ലളിത് പ്രസാദ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ബോട്ടിന് തീപിടിച്ചതായി കോസ്റ്റൽ പൊലീസിന് വിവരം ലഭിച്ചത്. മറ്റ് മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടർന്ന് കോസ്റ്റൽ പൊലീസും വാർഡർമാരും ചേർന്ന് രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തേക്ക് തിരിച്ചു. തീരത്ത് നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയായിരുന്നു അപകടത്തിൽപ്പെട്ട ബോട്ട്. ബോട്ടിൽ തീ ആളിപ്പടർന്നിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply