
ന്യൂഡൽഹി: 17കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ സുരക്ഷാ ആശങ്ക ഉയർന്നതോടെ ഡൽഹിയിലെ ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ ക്ലാസുകൾ ഓൺലൈനാക്കി. ചൊവ്വാഴ്ച മുതലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് തീരുമാനമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം കൽക്കാജി മന്ദിറിന് സമീപത്തെ ആസ്ഥ കുഞ്ച് പാർക്കിലാണ് 17കാരി കൂട്ടബലാത്സംഗത്തിനിരയായത്. മൂന്ന് പേർ ചേർന്നാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം.
സംഭവസ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ലേഡി ശ്രീറാം കോളേജ് സ്ഥിതി ചെയ്യുന്നത്.സംഭവത്തിന് പിന്നാലെ പ്രദേശത്തെ സുരക്ഷയെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ആശങ്ക ശക്തമായി. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടുന്നതിനിടെ ഏറ്റുമുട്ടലുണ്ടായെന്നും ഇവരുടെ കാലിൽ വെടിയേറ്റെന്നുമാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, പ്രതിയുടെ കാലിൽ പരിക്കുകളില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് നടപടിയെക്കുറിച്ച് ചില ദേശീയ മാധ്യമങ്ങൾ സംശയങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമായി വന്നിരിക്കുകയാണ്.
