Headlines

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് യാത്രയ്ക്ക് ചിപ്‌സൺ പണം നൽകിയെന്ന് രേഖകൾ

കൊച്ചി: മുഖ്യമന്ത്രി വി. ഡി. സതീശൻ മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ചിപ്‌സൺ ഏവിയേഷൻ വഹിച്ചതായി വ്യക്തമാക്കുന്ന ഇൻവോയ്സ് രേഖകൾ പുറത്ത്. കേളചന്ദ്ര ഗ്രൂപ്പിന്റെ എംബ്രയർ ഫെനോം 100 വിമാനത്തിൽ നടത്തിയ യാത്രയ്ക്ക് 19,88,595 രൂപയാണ് ചിപ്‌സൺ ഏവിയേഷൻ നൽകിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

സംസ്ഥാന സർക്കാരിന് ഹെലികോപ്റ്റർ സേവനം നൽകിയിരുന്ന ചിപ്‌സൺ ഏവിയേഷൻ കരാർ പുതുക്കുന്നതിനായി സർക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കമ്പനി പണം നൽകിയതെന്ന വിവരം പുറത്തുവരുന്നത്. ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ സർക്കാർ തീരുമാനം എടുക്കുന്നതിന് മുമ്പായിരുന്നു യാത്രയെന്നും റിപ്പോർട്ടുകളുണ്ട്.

അത്യാവശ്യ സേവനങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചിപ്‌സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ സർക്കാർ വാടകയ്‌ക്കെടുത്തിരുന്നു. അവയവദാനത്തിനുള്ള എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കാണ് പ്രധാനമായും ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നത്. കരാർ ദീർഘിപ്പിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് കത്തുകൾ നൽകിയിരുന്നെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

ഇതിനിടെയാണ് മഴക്കെടുതിയിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തെത്തിയത്. യാത്രയ്ക്ക് സ്വകാര്യ സ്പോൺസർഷിപ്പ് ലഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചിട്ടില്ലെന്നും അടിയന്തരമായി മലപ്പുറത്തെത്തുന്നതിനാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Leave a Reply