Headlines

മുഖ്യമന്ത്രിയുടെ യാത്രച്ചെലവ് ആരാണ് വഹിക്കുന്നത്?; വെളിപ്പെടുത്തണമെന്ന് പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന ചാർട്ടേഡ് വിമാന യാത്രകളുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി. രാജീവ്. ഹെലികോപ്ടർ വാടക പുതുക്കുന്നതിനായി സർക്കാരിന് അപേക്ഷ നൽകിയിരിക്കുന്ന കമ്പനിയുടെ ചെലവിലാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതെങ്കിൽ അത് ഗുരുതരമായ കുറ്റമാണെന്നും പി. രാജീവ് ആരോപിച്ചു.

അഴിമതിയുടെയും ധൂർത്തിന്റെയും പര്യായമായി യുഡിഎഫ് സർക്കാർ മാറിയെന്നും കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പി. രാജീവ് കുറ്റപ്പെടുത്തി. ഇത്രയും ധിക്കാരത്തോടെ പ്രവർത്തിക്കുന്ന സർക്കാർ മുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഇനിയും അത്തരത്തിൽ യാത്ര തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബുധനാഴ്ചത്തെ പ്രതികരണം. മലപ്പുറത്തേക്കുള്ള യാത്രയ്ക്കായി ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസറെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

യാത്ര പരസ്യമായിരുന്നെന്നും സർക്കാരിന്റെ ഒരു രൂപ പോലും ഇതിനായി ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ് പേർ മരിച്ചിട്ടും മുഖ്യമന്ത്രി സ്ഥലത്തെത്തിയില്ലെന്ന വാർത്ത വരാതിരിക്കാനാണ് മലപ്പുറത്തേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനാരായണ ഗുരു സമാധി ആചരണത്തിൽ പങ്കെടുത്ത ശേഷം അതിവേഗം മലപ്പുറത്തെത്തേണ്ട സാഹചര്യമുണ്ടായതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading