
തിരുവനന്തപുരം: സിഎംആർഎൽ കേസിൽ സർക്കാർ എടുത്തുചാടി നടപടിയെടുക്കില്ലെന്നും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ആരെയും വേട്ടയാടുകയോ പ്രതികാരബുദ്ധിയോടെ നടപടിയെടുക്കുകയോ സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളിൽ അന്വേഷണം നടത്തുക സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. പി.എം.എൽ.എ. നിയമത്തിലെ 66(2) വകുപ്പ് പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡി.ജി.പിക്ക് നൽകിയ കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് വിഷയം നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറലിനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കൈമാറി.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.എം.എൽ.എ. നിയമപ്രകാരം വിവരങ്ങൾ ലഭിച്ചാൽ കേരള പൊലീസ് അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി വിധിയുണ്ടെന്നും അഴിമതി കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം ആവശ്യമാണെന്ന മറ്റൊരു സുപ്രീം കോടതി വിധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ രണ്ട് സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിലാണ് ആദ്യം അന്വേഷണം നടത്തി തുടർനടപടി തീരുമാനിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്നും അന്വേഷണ ഘട്ടത്തിൽ ബന്ധപ്പെട്ടവർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
