
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യങ്ങൾ ചോദിക്കുന്നത് തടഞ്ഞ് പൊലീസ്. എറണാകുളം കലൂരിലെ ഗോകുലം പാർക്കിൽ നടന്ന പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.
മുഖ്യമന്ത്രിയോട് പ്രതികരണം തേടരുതെന്നും നിശ്ചയിച്ച സ്ഥലത്തേക്ക് മാറിനിൽക്കണമെന്നും പൊലീസ് നിർദേശം നൽകി. അസിസ്റ്റന്റ് കമ്മീഷണർ പീറ്ററുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവർത്തകരെ തടഞ്ഞത്.
ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടാനുള്ള ശ്രമത്തിനിടയിൽ കഴിഞ്ഞ ദിവസം ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് വി.ഡി. സതീശൻ ക്ഷുഭിതനായതിന് പിന്നാലെയാണ് കൊച്ചിയിലെ സംഭവം.
മാധ്യമപ്രവർത്തകരോട് ‘മാറിനിൽക്കണം’ എന്നായിരുന്നു ഇടുക്കിയിൽ സതീശന്റെ പ്രതികരണം. മാധ്യമപ്രവർത്തകരെ അവിടെനിന്ന് മാറ്റാൻ പൊലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മാധ്യമങ്ങളുടെ ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൊച്ചിയിൽ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിൽനിന്ന് മാധ്യമപ്രവർത്തകരെ പൊലീസ് വിലക്കിയിരിക്കുന്നത്.
