
ആലപ്പുഴ: മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികൾ എൽ.ഡി.എഫിനെയും സി.പി.എമ്മിനെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് പിണറായി വിജയൻ. തുടക്കം മുതൽ തന്നെ ഇ.ഡിയുടെ നീക്കം “നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു” എന്ന മട്ടിലായിരുന്നുവെന്നും”അച്ഛൻ എന്തെല്ലാം കണ്ടതാണെടോ” എന്നും അദ്ദേഹം പറഞ്ഞു.
എക്സാലോജിക് സി.എം.ആർ.എല്ലിന് മാത്രമല്ല സേവനം നൽകിയിട്ടുള്ളതെന്നും നിരവധി സ്ഥാപനങ്ങൾക്കും സേവനം നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. നിയമപരമായി അടയ്ക്കേണ്ട നികുതികളെല്ലാം കമ്പനി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.എം.ആർ.എല്ലുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള അന്വേഷണങ്ങൾ നടന്നിട്ടുണ്ടെന്നും, ഒരു ചാരിറ്റി സ്ഥാപനം നടത്തുന്ന സ്കൂളിന് നൽകിയ സേവനത്തിന്റെ കണക്കുകളും പരിശോധിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഒരു സ്ഥാപനം നിയമപരമായി മറ്റൊരു സ്ഥാപനത്തിന് നൽകിയ സേവനത്തിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
വീണ വിജയന്റെ വിവാഹത്തിന് വർഷങ്ങൾക്കുമുമ്പാണ് സി.എം.ആർ.എല്ലുമായി കരാർ ഉണ്ടാക്കിയതെന്നും പണം സ്വീകരിച്ചതെല്ലാം വിവാഹത്തിന് മുമ്പാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇങ്ങനെയൊരു ഭർത്താവ് വരും എന്ന് ഇവർ കണക്കുകൂട്ടിയാണോ അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് എം.എൽ.എയാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്നും അതിന് ശേഷമാണ് പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും പിണറായി പറഞ്ഞു. ആർ.എസ്.എസും ബി.ജെ.പിയും സി.പി.എമ്മിനെ ലക്ഷ്യമിട്ടുള്ള നീക്കത്തിന് പിന്നിലുണ്ടെന്നും യു.ഡി.എഫ് ഇതിന് ഒപ്പം ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
