
തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും ഇനിയും അത്തരം യാത്രകൾ നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസറെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
യാത്രയ്ക്കായി സർക്കാരിന്റെ ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീനാരായണ ഗുരു സമാധി ആചരണത്തിൽ പങ്കെടുത്ത ശേഷം മലപ്പുറത്ത് ആറ് പേർ മരിച്ച സംഭവസ്ഥലത്ത് അതിവേഗം എത്തേണ്ട സാഹചര്യമുണ്ടായതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിമാനയാത്ര സ്പോൺസർ ചെയ്ത സ്വകാര്യ വ്യക്തിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ, “ഞാനല്ലേ സംസാരിക്കുന്നത്, എന്നെക്കൊണ്ട് ദയവുചെയ്ത് പറയിപ്പിക്കരുത്. നിങ്ങൾ കേട്ടുകൊണ്ടിരുന്നാൽ മതി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്പോൺസറെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാതെ, സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടില്ലെന്നായിരുന്നു പിന്നീട് നൽകിയ വിശദീകരണം. മലയാളിയായ ഒരാളാണ് വിമാനം സജ്ജീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഇപ്പോൾ പോയി, ഞാൻ ഇനിയും പോകും” എന്നും മുഖ്യമന്ത്രി ആവർത്തിച്ചു. സ്വകാര്യ വ്യക്തികളുടെ ചെലവിൽ രാജ്യത്തെ മുഖ്യമന്ത്രിമാർ വിമാനയാത്ര നടത്താറുണ്ടെന്നും ഇതിന്റെ പേരിൽ പിന്നീട് ഔദാര്യം കൈപ്പറ്റുന്ന സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇത്തരം വിഷയങ്ങളെ അനാവശ്യ വിവാദമാക്കരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത സാഹചര്യത്തിൽ മന്ത്രിമാർ സ്വകാര്യ വാഹനങ്ങളിലോ വിമാനങ്ങളിലോ യാത്ര ചെയ്യുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
