Headlines

ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചു; മക്കളെ ബന്ദിയാക്കിയ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്നൗ: ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊന്ന ശേഷം മൂന്ന് മക്കളെ ബന്ദികളാക്കിയ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അസംഗഢിലാണ് ഞെട്ടിക്കുന്ന സംഭവം. അരവിന്ദ് സിംഗ് എന്നയാളാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഇയാളുടെ വെടിയേറ്റ് മകനും പിന്നീട് മരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെത്തിയ അരവിന്ദ് സിംഗ്, ഭാര്യ ബബിത സിംഗ് (32) രണ്ട് പൂജാരിമാരായ മഹേന്ദ്ര പാഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരോടൊപ്പം പൂജയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടു. ഇതേച്ചൊല്ലിയുണ്ടായ തർക്കം പിന്നീട് വെടിവെപ്പിലേക്ക് നീങ്ങി.

കൈവശമുണ്ടായിരുന്ന ലൈസൻസുള്ള തോക്കുപയോഗിച്ച് അരവിന്ദ് ആദ്യം ഭാര്യയെ വെടിവെച്ചു. തുടർന്ന് രണ്ട് പൂജാരിമാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.

ഇതിന് പിന്നാലെ മൂന്ന് മക്കളെയും ഇയാൾ ഒരു മുറിയിൽ പൂട്ടിയിട്ട് ബന്ദികളാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അരവിന്ദിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. പുലർച്ചെ വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട ഇയാൾ പിന്നീട് വീടിനുള്ളിൽ നിന്ന് പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് പൊലീസ് വീടിനുള്ളിൽ പ്രവേശിക്കുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു. ഇതിനിടെയാണ് അരവിന്ദിന് വെടിയേൽക്കുന്നത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ അരവിന്ദിനെയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി.

സംഭവത്തിൽ 10 വയസും 11 മാസവും പ്രായമുള്ള രണ്ട് പെൺകുട്ടികളെ പൊലീസ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തി. വാരണാസി സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് നവീൻ അറോറയാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading