
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന്റെ വാഹനത്തിൽ നിന്ന് എയർഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെത്തിയതായി പൊലീസ്. അശ്വന്ത് സഞ്ചരിച്ചിരുന്ന മഹീന്ദ്ര ഥാർ ജീപ്പിൽ നിന്നാണ് നടക്കാവ് പൊലീസ് ഇവ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ഏഴോടെ എരഞ്ഞിപ്പാലത്താണ് അപകടമുണ്ടായത്. അശ്വന്ത് കോക്ക് ഓടിച്ചിരുന്ന ഥാർ റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിച്ചശേഷം രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ കടന്നുകളയാൻ ശ്രമിച്ച അശ്വന്തിനെ ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ പിടികൂടി.
അപകടത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാഹനപരിശോധനയിലാണ് എയർഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
