
കോട്ടയം: പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നതിൽ മാത്രം കാര്യമില്ലെന്നും അത് ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ സർക്കാർ നടപടികൾ വ്യക്തമാക്കണമെന്നും മാർ തോമസ് തറയിൽ ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിൽ ഇ.എസ്.എ മാപ്പ് പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം. നേരത്തെ പ്രസിദ്ധീകരിച്ച മാപ്പ് സാധാരണക്കാർക്ക് പ്രദേശങ്ങൾ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാന ഉദ്യോഗസ്ഥർ കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ലെന്ന് ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
