
ഇടുക്കി: ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർഷിപ്പ്, സി.എം.ആർ.എൽ മുൻ എം.ഡി. ശശിധരൻ കർത്തയുടെ ഡയറിയിലെ പേര് എന്നിവ സംബന്ധിച്ച ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. “മാറിനിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല” എന്ന് ആവർത്തിച്ച സതീശൻ സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് മാധ്യമപ്രവർത്തകരെ മാറ്റിനിർത്താനും ആവശ്യപ്പെട്ടു.
ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് വി.ഡി. സതീശൻ ഇടുക്കിയിലെത്തിയത്. ഇതിനിടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ, മന്ത്രിമാരുടെ വിദേശയാത്രകൾ, ശശിധരൻ കർത്തയുടെ ഡയറിയിൽ സതീശന്റെ പേര് ഉൾപ്പെട്ടത് തുടങ്ങിയ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു.
ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും വിശദീകരണം നൽകാതെ സതീശൻ ഒഴിഞ്ഞുമാറുകയായിരുന്നു.
മലപ്പുറത്തേക്കുള്ള ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്നത് കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. സർക്കാർ പണം ചെലവഴിച്ചിട്ടില്ലെന്നും പരിചയക്കാരനാണ് വിമാനം ഏർപ്പെടുത്തിയതെന്നുമായിരുന്നു സതീശന്റെ നേരത്തെയുള്ള വിശദീകരണം. എന്നാൽ സ്പോൺസറുടെ പേര് വ്യക്തമാക്കിയിരുന്നില്ല.
തുടർന്ന് ചിപ്സൺ ഏവിയേഷൻ ₹19.88 ലക്ഷം വിമാനയാത്രയ്ക്കായി നൽകിയതിന്റെ ഇൻവോയ്സ് പുറത്തുവന്നിരുന്നു. സർക്കാർ ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിനായി അപേക്ഷ നൽകിയ സ്ഥാപനമാണ് ചിപ്സൺ ഏവിയേഷൻ എന്നതും ചർച്ചകൾക്ക് വഴിവെച്ചു.
ഇതിനുപുറമെ, സി.എം.ആർ.എൽ മുൻ എം.ഡി. ശശിധരൻ കർത്തയുടെ ഡയറിയിൽ വി.ഡി. സതീശന്റെ പേരിനൊപ്പം ₹5 ലക്ഷം രേഖപ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
ഈ വിഷയങ്ങളിൽ വ്യക്തത തേടിയാണ് ഇടുക്കിയിൽ മാധ്യമപ്രവർത്തകർ സതീശനെ സമീപിച്ചത്. എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം മാധ്യമപ്രവർത്തകരോട് ക്ഷുഭിതനാകുകയായിരുന്നു.
