Headlines

റോഡും പാലവുമില്ല; പനിബാധിച്ച് അവശനായ അമ്പതുകാരനെ കാട്ടുപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചു

മൂന്നാർ: റോഡും പാലവുമില്ലാത്തതിനാൽ ഇടമലക്കുടിയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഇന്നും മഞ്ചലിനെ ആശ്രയിക്കേണ്ട ദുരവസ്ഥ. പനിബാധിച്ച് അവശനായ അമ്പതുകാരനെ നാല് കിലോമീറ്ററോളം കാട്ടുപാതയിലൂടെ ചുമന്നാണ് പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചത്. കൂടല്ലാർകുടി സ്വദേശി അശോകനാണ് നാട്ടുകാരുടെ സഹായത്തോടെ ദുരിതയാത്ര നടത്തേണ്ടിവന്നത്.

പനി രൂക്ഷമായതോടെ കാട്ടുവള്ളികളും തടിയും ഉപയോഗിച്ച് താൽക്കാലിക മഞ്ചൽ നിർമിച്ചു. ഇതിൽ അശോകനെ ഇരുത്തി കൂടല്ലാർകുടിയിൽനിന്ന് ആനക്കുളത്തേക്ക് ചുമന്നെത്തിക്കുകയായിരുന്നു. തുടർന്ന് അവിടെനിന്ന് വാഹനസൗകര്യം ഒരുക്കിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

റോഡ് സൗകര്യമില്ലാത്തതിനാൽ ഇടമലക്കുടിയിലെ ആദിവാസി ജനതയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ആഗസ്തിലും വാഹനസൗകര്യമില്ലാത്തതിനെ തുടർന്ന് രോഗികളെ ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടിവന്നിരുന്നു.

താൽക്കാലികമായി നിർമിച്ച തടിപ്പാലങ്ങളല്ലാതെ പ്രദേശത്ത് സഞ്ചാരയോഗ്യമായ റോഡോ സ്ഥിരം പാലങ്ങളോ ഇല്ല. അടിസ്ഥാന ഗതാഗതസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. അടിയന്തര ചികിത്സയ്ക്കുപോലും കിലോമീറ്ററുകൾ മഞ്ചലിൽ സഞ്ചരിക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല.

Leave a Reply