
മൂന്നാർ: മൂന്നാറിൽ ശൈത്യകാലം വരവറിയിച്ചു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ ആറു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ മലനാടൻ മേഖല തണുപ്പിന്റെ പിടിയിലായി. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിലാണ് താപനില ആറു ഡിഗ്രിയിലേക്ക് താഴ്ന്നത്. പുല്ലുകളിലും തേയിലച്ചെടികളിലും മഞ്ഞുകണങ്ങൾ പടർന്നുതുടങ്ങിയതോടെ പ്രദേശത്ത് ശൈത്യകാലത്തിന്റെ കാഴ്ചകളും സജീവമായി.
കുണ്ടള, മാട്ടുപ്പെട്ടി മേഖലകളിൽ എട്ടു ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്മി തുടങ്ങിയ വിദൂര എസ്റ്റേറ്റ് മേഖലകളിലും ശക്തമായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. പകൽ ചൂട് നിലനിൽക്കുമ്പോഴും രാത്രിയിലും പുലർച്ചെയുമാണ് തണുപ്പിന്റെ കാഠിന്യം വർധിക്കുന്നത്.
വരും ദിവസങ്ങളിൽ മൂന്നാറിലെ താപനില ഇനിയും താഴ്ന്ന് മേഖല അതിശൈത്യത്തിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. ഒരാഴ്ചയ്ക്കുള്ളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനോട് അടുക്കുമെന്നാണ് കണക്കുകൂട്ടൽ. ശൈത്യകാലം സജീവമായതോടെ തണുപ്പ് ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്കും വർധിക്കുമെന്നാണ് പ്രതീക്ഷ.
