
ന്യൂഡല്‍ഹി : കേരളത്തിലെ വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. നടപടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ പരിഗണനയിൽ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി കമ്മീഷൻ കോടതിയെ അറിയിച്ചു.
അതേസമയം, പട്ടികയിൽനിന്ന് പുറത്തായ 24 ലക്ഷം പേരിൽ പലർക്കും തുടർഅപേക്ഷകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു സിപിഎമ്മിനുവേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശിന്റെ ആവശ്യം. തുടർന്ന്, വോട്ടർപട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരണമെന്നും കോടതി നിർദേശിച്ചു.
എസ്ഐആർ തുടർച്ചയായ പ്രക്രിയയാണെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഇനിയും തുടരാനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.
