
ഇടുക്കി: വിവാഹമോചനക്കേസ് വിധി വരാനിരിക്കെ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിൽനിന്ന് വലിച്ചിറക്കി കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവൻചേരിയിൽ സന്തോഷാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. ജോലിക്കായി കുഴിത്തൊളു പോസ്റ്റ് ഓഫീസിലെത്തിയ ശ്രീജയെ സന്തോഷ് ഓഫീസിൽനിന്ന് ബലമായി പുറത്തേക്ക് വലിച്ചിറക്കി കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർക്കുനേരെ കൈവശമുണ്ടായിരുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച ശേഷം സന്തോഷ് സ്വയം വെടിയുതിർക്കുകയായിരുന്നു.
വിവരമറിഞ്ഞ് കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
സന്തോഷും ശ്രീജയും തമ്മിൽ വിവാഹമോചനക്കേസ് നിലവിലുണ്ടായിരുന്നു. കേസിൽ നാളെ വിധി വരാനിരിക്കെയാണ് ആക്രമണം നടന്നത്. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശ്രീജ തൂക്കുപാലത്തായിരുന്നു താമസം.
