ഓലപ്പടക്കം പൊട്ടിത്തെറിച്ചു; പാലക്കാട് വീട് തകർന്നു, അമ്മയ്ക്കും മകനും പരിക്ക്
പാലക്കാട്: ഒറ്റപ്പാലം കടമ്പൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കം പൊട്ടിത്തെറിച്ച് വീട് പൂർണമായും തകർന്നു. അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കാംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണമായും തകരുകയും സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. പരിക്കേറ്റ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
