
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിലെ ജഡ്ജി, ദേശീയപതാകയേന്തി പ്രതിഷേധിച്ച യുവാക്കളുടെ ഹർജിയിൽ അടിയന്തര ഇടപെടലിന് തയ്യാറായില്ല. സിജെപി പ്രവർത്തകരായ സൗരവ് ദാസും ആശുതോഷ് റാങ്കയും ഏഴുദിവസം ജയിലിൽ കഴിഞ്ഞതിനു പിന്നാലെയാണ് രണ്ട് കോടതി നടപടികളും ചർച്ചയാകുന്നത്.
ഉന്നാവ് കേസിൽ സെൻഗറിന് ജാമ്യം അനുവദിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് യുവാക്കളുടെ ഹർജിയും പരിഗണിച്ചത്. വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സൗരവിന്റെയും ആശുതോഷിന്റെയും പ്രതിഷേധം.
ഒക്ടോബർ 13ന് ഡൽഹിയിലെ ജന്തർ മന്തറിലെ അടച്ചിട്ട കവാടം കടന്ന് ദേശീയപതാക ഉയർത്തിയതിനെത്തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചുദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട യുവാക്കളുടെ തടവ് ഒക്ടോബർ 19ന് രണ്ടുദിവസത്തേക്കുകൂടി നീട്ടി. ഇതോടെ ഏഴുദിവസം തിഹാർ ജയിലിൽ കഴിയേണ്ടിവന്നു.
ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഒക്ടോബർ 21നാണ് ഇരുവരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ആദ്യം ചോദിച്ചത് യുവാക്കളുടെ പ്രായമായിരുന്നു. സൗരവിന് 27 വയസ്സും ആശുതോഷിന് 31 വയസ്സുമാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, ‘നിങ്ങൾ ജെൻ സി അല്ലല്ലോ’ എന്നായിരുന്നു ജഡ്ജിയുടെ പരാമർശം.
ഇതിനിടെയാണ് ഉന്നാവ് കേസിലെ ജാമ്യനടപടി വീണ്ടും ശ്രദ്ധ നേടുന്നത്. 2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2019ലാണ് കുൽദീപ് സിങ് സെൻഗറിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ശിക്ഷാവിധിക്കെതിരെ സെൻഗർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
ദേശീയപതാകയേന്തിയുള്ള പ്രതിഷേധത്തെത്തുടർന്ന് യുവാക്കൾക്ക് ഏഴുദിവസം ജയിലിൽ കഴിയേണ്ടിവന്നതും ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാവിന് ജാമ്യം ലഭിച്ചതും തമ്മിലുള്ള താരതമ്യമാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെക്കുന്നത്.
