
കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ അന്വേഷണനടപടികൾ ചോദ്യം ചെയ്ത് പിണറായി വിജയൻ ഹൈക്കോടതിയിൽ വീണ്ടും നിയമപോരാട്ടത്തിന്. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി അപ്പീൽ അടിയന്തരമായി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലെത്തിക്കാനാണ് നീക്കം. അപ്പീലിൽ തീരുമാനമുണ്ടാകുന്നതുവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തുടർനടപടികൾ തടയണമെന്ന ആവശ്യവും ഉന്നയിച്ചേക്കും.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നേരത്തേ നൽകിയ ഹർജി പുതിയ നമ്പറിൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലെത്തിക്കാനാണ് ശ്രമം. മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കി ശക്തമായ വാദങ്ങൾ ഉന്നയിക്കാനും നീക്കമുണ്ട്. അപ്പീൽ നൽകാനുള്ള അവകാശം വ്യക്തമാക്കുന്ന സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൾ അനുകൂലമാണെന്നാണ് പിണറായി വിജയന്റെയും അനുയായികളുടെയും വിലയിരുത്തൽ.
അപ്പീൽ പരിഗണിക്കുമ്പോൾ ഇഡി അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യവും ഉയർന്നേക്കും. അപ്പീലിൽ തീരുമാനമുണ്ടാകുന്നതിനു മുമ്പ് ഇഡി കൂടുതൽ നടപടികളുമായി മുന്നോട്ടുപോയാൽ അവ തടയുന്നതിനായി പ്രത്യേക റിട്ട് ഹർജി നൽകുന്നതും പരിഗണനയിലുണ്ട്.
അതേസമയം, വ്യാഴാഴ്ച ഇഡിക്കു മുന്നിൽ പിണറായി വിജയൻ ഹാജരാകില്ലെന്നാണ് റിപ്പോർട്ട്. ഇഡി വീണ്ടും സമൻസ് അയയ്ക്കുകയോ മറ്റു നടപടികളിലേക്ക് കടക്കുകയോ ചെയ്താൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചേക്കും.
എന്നാൽ, അന്വേഷണത്തിന് തടസ്സമില്ലെന്ന നിലപാടിലാണ് ഇഡി. പിണറായി വിജയനെതിരായ നടപടികളുമായി ബന്ധപ്പെട്ട് പി.എം.എൽ.എ. 66(2) പ്രകാരം നൽകിയ വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. കേസിലെ തെളിവുകളും ഇ.സി.ഐ.ആറിന്റെ നിയമസാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ കൊച്ചി ഇഡി ഓഫീസിൽ കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. പിണറായി വിജയന്റെ അപ്പീലിനെ ഹൈക്കോടതിയിൽ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം.
