
കോതമംഗലം: വനസംരക്ഷണത്തിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും കരുത്തായി ഇനി ആദിവാസി ഉന്നതികളിൽനിന്നുള്ള സിവിൽ ഡിഫൻസ് സേനയും. വനവാസി സമൂഹത്തിൽനിന്ന് അംഗങ്ങളെ കണ്ടെത്തി പരിശീലനം നൽകി സിവിൽ ഡിഫൻസ് സേനയുടെ ഭാഗമാക്കിയിരിക്കുകയാണ് കോതമംഗലം അഗ്നിരക്ഷാനിലയം. രാജ്യത്ത് ആദ്യമായാണ് ഒരു ഫയർ സ്റ്റേഷൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പരിശീലനം നൽകി സിവിൽ ഡിഫൻസ് വോളണ്ടിയർമാരായി സേനയുടെ ഭാഗമാക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര, കല്ലേലി ഉൾപ്പെടെ ഒമ്പതോളം ആദിവാസി ഉന്നതികളിൽനിന്നുള്ളവർക്കാണ് പരിശീലനം നൽകിയത്. 2025 ഓഗസ്റ്റിൽ എറണാകുളം ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ 94 പേർക്ക് പരിശീലനം നൽകി. ഇതോടെ ഇന്ത്യയിലെ ആദ്യ ട്രൈബൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരെന്ന നേട്ടവും ഇവർ സ്വന്തമാക്കി. തുടർന്ന് ജനുവരിയിൽ രണ്ടാംഘട്ട പരിശീലനവും പൂർത്തിയാക്കി.
രക്ഷാപ്രവർത്തനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്
ആദിവാസി ഉന്നതികളിൽ അപകടങ്ങളിൽപ്പെടുന്നവരെയും പരിക്കേൽക്കുന്നവരെയും ആശുപത്രിയിലെത്തിക്കുന്നത് പലപ്പോഴും ഏറെ പ്രയാസകരമാണ്. ചില സാഹചര്യങ്ങളിൽ ചാക്കിൽ കെട്ടിയടക്കം ചുമന്നാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കോതമംഗലം അഗ്നിരക്ഷാനിലയം അധികൃതർ സ്പൈൻ ബോർഡ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തന ഉപകരണങ്ങൾ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് വിതരണം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിനും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഇത് സഹായകമാകും.
സ്കൂബ ഡൈവിങ് പരിശീലനം ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി കോതമംഗലം അഗ്നിരക്ഷാനിലയം നേരത്തെയും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വനമേഖലയിലെ ഭൂപ്രകൃതിയും പ്രദേശത്തെ ജീവിതസാഹചര്യങ്ങളും അടുത്തറിയുന്ന ആദിവാസി സമൂഹത്തിന്റെ പങ്കാളിത്തം രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന പ്രതീക്ഷയും പദ്ധതിക്കുണ്ട്.
സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം എസ്.ടി.ഒ മുഹമ്മദ് അജ്മൽ ഷാ ഉദ്ഘാടനം ചെയ്തു. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ വിനോദ് നാരായണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മഹേഷ്, ഹോം ഗാർഡ് എസ്. ബിനു എന്നിവർ പങ്കെടുത്തു.
