Headlines

ചാനൽ ഓഫീസിൽ പൊലീസ്‌ നടത്തിയ പരിശോധന നിയമപരം; ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം പൂർണമായും സംരക്ഷിക്കുമെന്നും ഒരു മാധ്യമ പ്രവർത്തകനോടും പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

റിപ്പോർട്ടർ ടി വി ഓഫിസിലെ പരിശോധന തികച്ചും നിയമപരമായാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) പൂർണ്ണ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. ആരെ അറസ്റ്റ് ചെയ്യണമെന്നോ ചെയ്യരുതെന്നോ ആഭ്യന്തര വകുപ്പ്‌ നിർദ്ദേശിക്കാറില്ല.റിപ്പോർട്ടർ ടി വി ഓഫിസിൽ നടന്നത് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയാണ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി.

ഒരു മാധ്യമ പ്രവർത്തകനെപ്പോലും ആക്രമിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ചാനലിന്റെ സംപ്രേഷണവും മുടക്കിയിട്ടില്ല. പരിശോധനാ സമയത്ത് ഫോണുകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഉടൻ തന്നെ തിരികെ നൽകി.പൊലീസിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അസിസ്റ്റന്റ് കമ്മീഷണർ മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന ചെയറിൽ ഇരുന്ന സംഭവത്തേക്കുറിച്ചുള്ള ചോദ്യത്തിന് അസിസ്റ്റന്റ് കമീഷണർ പിന്നെ മുഴുവൻ സമയവും നിൽക്കണോയെന്ന്‌ മന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ താൻ വിവരങ്ങൾ അന്വേഷിച്ചിരുന്നു. പൊലീസിൻ്റെ ഭാഗത്തുനിന്ന് യാതൊരു അതിക്രമവും ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമായത്.മുൻ സർക്കാരിൻ്റെ കാലത്ത് മാധ്യമ പ്രവർത്തകരെ കൈവിലങ്ങ് വച്ച് അറസ്റ്റ് ചെയ്‌ത്‌ എഴുപത് ദിവസം ജയിലിലടച്ച സംഭവം കേരളം കണ്ടതാണ്. ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർക്കെതിരെയും മറുനാടൻ മലയാളിക്കെതിരെയും അന്ന് കേസെടുത്തു. ഏഷ്യാനെറ്റിൻ്റെ കോഴിക്കോട് ഓഫിസിൽ കയറി പരിശോധന നടത്തി. എന്നാൽ അത്തരം അവസ്ഥയൊന്നും ഇപ്പോൾ കേരളത്തിലില്ല.

പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനെതിരായ ഇ ഡിയുടെ കത്തിൽ നിയമോപദേശം ലഭിച്ചാൽ മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തുടർ നടപടി സ്വീകരിക്കും. അതിൽ സർക്കാരിന്‌ യാതൊരു ആശങ്കയുമില്ല. വിവിധ രാഷ്‌ട്രീയ പാർട്ടികൾ ഫണ്ട്‌ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിഷയം ഇതുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലലഹരി കേസുകളിൽ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകും. ആരുടെ കൂടെ ഫോട്ടോ ഉണ്ടെന്നോ ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള ആളാണെന്നോ നോക്കാതെയാണ് ലഹരി കേസിൽ പ്രതികളെ പിടികൂടുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading