
തിരുവനന്തപുരം: ടെൻഡറും വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയും ഇല്ലാതെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്ത കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യത്തിന് സ്ഥാനചലനം. ജനറൽ നെറ്റ്വർക് ആക്സസ് (ജിഎൻഎ) പ്ലാറ്റ്ഫോം വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി.
സംസ്ഥാനത്തിന് വൈദ്യുതി ആവശ്യം കുറഞ്ഞ പകൽ സമയത്തടക്കം 24 മണിക്കൂറും യൂണിറ്റിന് 8.63 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു നീക്കം. പ്രത്യക്ഷത്തിൽ കുറഞ്ഞ നിരക്കായി തോന്നാമെങ്കിലും ആവശ്യമില്ലാത്ത സമയത്തും വൈദ്യുതി വാങ്ങേണ്ടിവരുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് രാജമാണിക്യം ചൂണ്ടിക്കാട്ടിയിരുന്നു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ വിപണിയിലുള്ളപ്പോഴാണ് ഉയർന്ന നിരക്കിലുള്ള കരാറിനുള്ള നീക്കമെന്നതും അദ്ദേഹം എതിർപ്പിന് കാരണമായി.
ജിഎൻഎ വഴി വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട PWR B1/118/2026–PWR Part1 എന്ന ഫയലിലാണ് തർക്കം ഉടലെടുത്തത്. ഒക്ടോബർ 24ന് ലഭിച്ച ഫയൽ പരിശോധിച്ച രാജമാണിക്യം ഇടപാട് ആശാസ്യമല്ലെന്ന നിലപാട് രേഖപ്പെടുത്തി മന്ത്രി സണ്ണി ജോസഫിന് കൈമാറി. മന്ത്രിയും ഈ വിയോജിപ്പ് അംഗീകരിച്ച് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും മുഖ്യമന്ത്രി വി.ഡി. സതീശൻ എതിർപ്പ് മറികടന്ന് മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനു പിന്നാലെ രാജമാണിക്യത്തെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റി. പകരം സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനാണ് ചുമതല നൽകിയത്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥനെ കെഎസ്ഇബി സിഎംഡി സ്ഥാനത്തേക്ക് നിയമിച്ചത് അസാധാരണ നടപടിയായും വിലയിരുത്തപ്പെടുന്നു.
ഇടപാടിൽ ധനവകുപ്പും എതിർപ്പ് അറിയിച്ചതായാണ് വിവരം. ഇതിനു പിന്നാലെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിനും സ്ഥാനചലനമുണ്ടായി. വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ മറികടന്ന് വൈദ്യുതി വാങ്ങൽ നടപടിയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കം ഭരണതലത്തിൽ പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.
സത്ലജ് ജൽ വിദ്യുത് നിഗം ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ യൂണിറ്റിന് 3.32 രൂപ നിരക്കിൽ വൈദ്യുതി നൽകാൻ സന്നദ്ധമായിരിക്കെയാണ് 8.63 രൂപ നിരക്കിലുള്ള ജിഎൻഎ ഇടപാടിനുള്ള നീക്കം. ഇടപാടിൽ സംസ്ഥാനത്തെ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായി ബന്ധമുള്ള ബിനാമി കമ്പനിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
