
തിരുവനന്തപുരം: ജില്ലയിലെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 44,000 രൂപ പിടിച്ചെടുത്തു. രേഖകളുടെ മറവിൽ പണം സൂക്ഷിച്ചതായും പരിശോധനയിൽ കണ്ടെത്തി.
സബ് രജിസ്ട്രാർ ഓഫീസിലെ റെക്കോർഡ് റൂമിൽ രജിസ്റ്ററുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 35,310 രൂപയാണ് കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ വിശദീകരണം ലഭിക്കാത്ത 5,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.സബ് രജിസ്ട്രാർ ഓഫീസുകളിലെ വിവിധ സേവനങ്ങൾക്കായി ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ബുധനാഴ്ച വൈകിട്ട് 3.30ന് പട്ടം, ചാല, തിരുവല്ലം, ശാസ്തമംഗലം, കഴക്കൂട്ടം, നേമം സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരേസമയം വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064, ഫോൺ നമ്പർ 8592900900, വാട്സ്ആപ്പ് നമ്പർ 9447789100 എന്നിവയിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
