Headlines

മാലിന്യ ഓടയിൽ ദുരന്തം; വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു

ചെന്നൈ: ഓടയിലെ മോട്ടോർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വിഷവാതകം ശ്വസിച്ചതായി സംശയം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചെന്നൈ കോർപ്പറേഷൻ പരിധിയിലെ കൊടുങ്ങയ്യൂരിലാണ് സംഭവം. റാണിപേട്ട് സ്വദേശി അസ്ലം ബാഷ (38), വെസ്റ്റ് താംബരം സ്വദേശി നവീൻ കുമാർ (34) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മാലിന്യനീക്കം സുഗമമാക്കുന്നതിനായി സ്ഥാപിച്ച മോട്ടോർ നന്നാക്കാനാണ് ഇരുവരും ഇരുപതടി താഴ്ചയുള്ള നഗരത്തിലെ പ്രധാന ഓടയിലിറങ്ങിയത്. ആദ്യം ഇറങ്ങിയ തൊഴിലാളിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ രക്ഷിക്കാനായി രണ്ടാമത്തെ തൊഴിലാളിയും ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ, ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.

മുകളിൽ നിന്നിരുന്ന സഹപ്രവർത്തകന്റെ നിലവിളി കേട്ടെത്തിയവരാണ് പൊലീസിനെയും രക്ഷാപ്രവർത്തകരെയും വിവരമറിയിച്ചത്. രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading