Headlines

കോടികളുടെ ഫ്ലാറ്റ് ആവശ്യപ്പെട്ട് പീഡനം; പൂനെയിൽ ഐടി എൻജിനീയർ ജീവനൊടുക്കി

പൂനെ: ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെത്തുടർന്ന് പൂനെയിൽ 33കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി. തൃഷ്ണ രാഹുൽ സക്പാലിന്റെ മരണത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. ശമ്പളം മുഴുവൻ കൈമാറണമെന്നും ഭർതൃമാതാവിന്റെ പേരിലേക്ക് ഫ്ലാറ്റ് മാറ്റണമെന്നും ഭർതൃപിതാവിന് ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ് വാങ്ങിനൽകണമെന്നും ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പിതാവ് പരാതിയിൽ ആരോപിച്ചു.

2018ലായിരുന്നു തൃഷ്ണയുടെയും രാഹുൽ സക്പാലിന്റെയും വിവാഹം. വിവാഹശേഷം സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ഭർതൃവീട്ടുകാർ സമ്മർദം ചെലുത്തിയിരുന്നതായാണ് പിതാവ് ബാലകൃഷ്ണ നികം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ശാരീരിക ഉപദ്രവത്തെത്തുടർന്ന് 2021ൽ തൃഷ്ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ പുനർവിവാഹത്തിനായി ഭർത്താവ് വിവാഹമോചന കേസ് ഫയൽ ചെയ്തു. കേസ് കോടതിയുടെ പരിഗണനയിലാണ്.

സെപ്റ്റംബർ 29നാണ് തൃഷ്ണ സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ് രാഹുൽ, ഭർതൃമാതാവ് വൈശാലി, ഭർതൃപിതാവ് സഞ്ജയ്, നാത്തൂൻ ഷൈലി, ഭർതൃപിതാവിന്റെ അമ്മ ശകുന്തള സാലുങ്കെ എന്നിവരെ മരണത്തിന് ഉത്തരവാദികളായി പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചുപേർക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

പൂനെയിൽ കഴിഞ്ഞ മാസവും സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയിരുന്നു. വിവാഹം കഴിഞ്ഞ് നാലാം മാസത്തിൽ 23കാരിയായ ഐടി ജീവനക്കാരി വൈഷ്ണവി പ്രവീൺ ജാറാണ്ഡെയാണ് മരിച്ചത്. ഭർത്താവ് ഓംകാർ സഞ്ജയ് ഗിസാരെയും കുടുംബാംഗങ്ങളും കാർ വാങ്ങുന്നതിനായി അഞ്ചു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി വൈഷ്ണവിയുടെ കുടുംബം ആരോപിച്ചിരുന്നു.

വിവാഹത്തിനായി വൈഷ്ണവിയുടെ കുടുംബം ഏകദേശം 45 ലക്ഷം രൂപ ചെലവഴിക്കുകയും പത്തുപവനോളം സ്വർണം നൽകുകയും ചെയ്തിരുന്നു. എന്നിട്ടും അധിക പണം ആവശ്യപ്പെട്ട് പീഡനം തുടർന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading