
ന്യൂഡൽഹി: പ്രതിഷേധവേദിയായ ജന്തർമന്തറിൽ സമരം നിരോധിച്ച ഡൽഹി പൊലീസ് നടപടിയെ വെല്ലുവിളിച്ച് സിജെപിയുടെ മിന്നൽ പ്രതിഷേധം. ദേശീയ പതാകയേന്തി ജന്തർമന്തറിലെത്തിയ സിജെപി നേതാക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുപതോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സിജെപി സംഘം ജന്തർമന്തറിലേക്ക് എത്തിയത്. സമരത്തിന് അനുമതി തേടി സിജെപി ഡൽഹി പൊലീസിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. 24 മണിക്കൂറിനകം തീരുമാനമറിയിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, അപേക്ഷ നൽകി ഒരു മണിക്കൂറിനകം ജന്തർമന്തറിൽ സമരം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പൊലീസ് ഉത്തരവിറക്കി. ഇതിനു പിന്നാലെയായിരുന്നു മിന്നൽ പ്രതിഷേധം.
പതിറ്റാണ്ടുകളായി രാജ്യത്തെ പ്രധാന പ്രതിഷേധവേദികളിലൊന്നായ ജന്തർമന്തറിനെ സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള ഡൽഹി പൊലീസ് തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പകരം രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധവേദികളായി നിശ്ചയിച്ചത്. ഇവിടങ്ങളിൽ സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും അനുമതി നൽകുമെന്നും പുതിയ വേദികളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പാർലമെന്റിനും പ്രധാന സർക്കാർ ഓഫീസുകൾക്കും സമീപമുള്ള ജന്തർമന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നത് ഭരണകൂടത്തിന്റെ ശ്രദ്ധയിൽ നേരിട്ട് പ്രതിഷേധമെത്തിക്കാനുള്ള അവസരം പരിമിതപ്പെടുത്തുമെന്ന വിമർശനവും ഉയരുന്നുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമായിരിക്കെയാണ് പ്രതിഷേധവേദി മാറ്റാനുള്ള തീരുമാനം. ഈ സാഹചര്യത്തിൽ സിജെപിയുടെ മിന്നൽ സമരം ഡൽഹിയിലെ പ്രതിഷേധ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.
