പുലർച്ചെ 3 വരെ ഡിജെ പാർട്ടി; കൊച്ചിയിലെ റാഡിസൺ ബ്ലൂവിൽ പൊലീസ് മിന്നൽ പരിശോധന
കൊച്ചി: ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് പുലർച്ചെ മൂന്നുമണി വരെ ഡിജെ പാർട്ടി നടത്തിയ സംഭവത്തിൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂവിനെതിരെ പൊലീസ് നടപടി. പബ്ബുകളിൽ രാത്രി 11 മണിവരെ മാത്രമാണ് ഡിജെ പാർട്ടികൾക്ക് അനുമതിയുള്ളത്. എന്നാൽ ഈ നിയന്ത്രണം മറികടന്ന് ഹോട്ടലിൽ പുലർച്ചെ മൂന്നുമണി വരെ പാർട്ടി തുടരുകയായിരുന്നു. സംഭവമറിഞ്ഞ പൊലീസ് വേഷപ്രച്ഛന്നരായി ഹാളിൽ പ്രവേശിച്ചാണ് പരിശോധന നടത്തിയത്. ലൈസൻസ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
