Headlines

വിദേശപഠനത്തിന് പോയ യുവതി നാട്ടിലെത്തിയത് ആരുമറിയാതെ; പൂനെയിലെ ഫ്ലാറ്റിൽ ദുരൂഹമരണം

പൂനെ: എംബിഎ പഠനത്തിനായി ലണ്ടനിലേക്ക് പോയ യുവതിയെ പൂനെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗർ സ്വദേശിനി മുഗ്ധ ദേശ്മുഖ് (34) ആണ് മരിച്ചത്. യുവതി യുകെയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിവരം കുടുംബം അറിഞ്ഞിരുന്നില്ല.

വ്യാഴാഴ്ച പിംപ്രി-ചിഞ്ച്‌വാഡിലെ ഗഹുഞ്‌ജെയിലുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളോ മറ്റ് പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

2025 ജൂലൈയിലാണ് മുഗ്ധ എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. ലണ്ടനിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. എന്നാൽ ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മുഗ്ധ ഇക്കാര്യം കുടുംബത്തെ അറിയിക്കാതെ പൂനെയിൽ താമസം ആരംഭിക്കുകയായിരുന്നു.

ഒക്ടോബർ 24ന് യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് കുടുംബം ആശങ്കയിലായത്. തുടർന്ന് ലണ്ടനിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ ഒക്ടോബർ 22നാണ് അവസാനമായി സന്ദേശം ലഭിച്ചതെന്ന് അറിഞ്ഞു. സുഹൃത്ത് ലണ്ടൻ പൊലീസിൽ പരാതി നൽകിയതോടെയാണ് ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടെന്ന വിവരം പുറത്തുവന്നത്.

അതിനിടെ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ച പിതാവിന് ഒക്ടോബർ എട്ടിനും 25നുമിടയിൽ ഫുഡ് ഡെലിവറി, ഓൺലൈൻ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ കണ്ടെത്തി. ഇതിൽ ചിലത് ഇന്ത്യയിൽനിന്ന് നടത്തിയതാണെന്ന് വ്യക്തമായതോടെ മുഗ്ധ രാജ്യത്തുണ്ടെന്ന നിഗമനത്തിലെത്തിയ കുടുംബം ഇന്ത്യൻ അധികൃതരെയും പൊലീസിനെയും സമീപിച്ചു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗഹുഞ്‌ജെയിലെ ഫ്ലാറ്റ് കണ്ടെത്തിയത്. വാതിൽ തുറന്ന് അകത്തുകടന്നപ്പോഴാണ് മുഗ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിലിൽ തന്നെ യുവതി ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നുവെന്നും ഓഗസ്റ്റിൽ ഇന്ത്യയിൽ തിരിച്ചെത്തിയശേഷം അവിടെ താമസമാരംഭിച്ചെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply