
ഇരിങ്ങാലക്കുട: കള്ളുഷാപ്പുകളിലെ ജോലിയിൽ സ്ത്രീകൾക്കും തുല്യ അവകാശമുണ്ടെന്ന പോരാട്ടത്തിൽ വിജയം നേടിയ സോഫി ഞായറാഴ്ച വീണ്ടും ജോലിയിൽ പ്രവേശിക്കും. ഇരിങ്ങാലക്കുട പൊഞ്ഞനം കള്ളുഷാപ്പിലാണ് നിയമനം. പിതാവും ഭർത്താവും ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തിൽത്തന്നെയാണ് സോഫിക്കും ജോലി ലഭിച്ചിരിക്കുന്നത്.
2024 മേയ് 20-ന് ഹൃദ്രോഗത്തെത്തുടർന്നാണ് സോഫിയുടെ ഭർത്താവ് കെ.ജെ. കുഞ്ഞിപ്പാലു മരിച്ചത്. സോഫിയുടെ പിതാവ് ലൂവിസിന്റെ ഒഴിവിലായിരുന്നു കുഞ്ഞിപ്പാലുവിന് ജോലി ലഭിച്ചിരുന്നത്. ഭർത്താവിന്റെ മരണത്തെത്തുടർന്ന് ആശ്രിതനിയമനം ആവശ്യപ്പെട്ട് സോഫി ഷാപ്പ് ലൈസൻസിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
2025 സെപ്റ്റംബർ അഞ്ചിന് സോഫി ജോലിയിൽ പ്രവേശിച്ചെങ്കിലും തൊഴിലാളി സംഘടനയുടെ എതിർപ്പിനെത്തുടർന്ന് രണ്ടുമാസത്തിനുശേഷം ജോലി ഉപേക്ഷിക്കേണ്ടിവന്നു. ഈ കാലയളവിലെ ശമ്പളവും ലഭിച്ചില്ല. തുടർന്നാണ് ഐ.എൻ.ടി.യു.സിയുടെ പിന്തുണയോടെ സോഫി ഹൈക്കോടതിയെ സമീപിച്ചത്.
2002-ലെ അബ്കാരി ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി നിഷേധിച്ചിരുന്നത്. എന്നാൽ സ്ത്രീകളെ ജോലിയിൽനിന്ന് വിലക്കുന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വിധിച്ചു. ഇതോടെയാണ് സോഫിയുടെ നിയമപോരാട്ടത്തിന് വിജയം ലഭിച്ചതും വീണ്ടും ജോലിയിൽ പ്രവേശിക്കാൻ വഴിയൊരുങ്ങിയതും.
