
തിരുവനന്തപുരം: സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ സംസ്ഥാനത്ത് മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ എക്സൈസ് വകുപ്പിൽ നടപടി. മന്ത്രിയുടെ നിർദേശം മറികടന്ന് ലൈസൻസ് അനുവദിച്ച രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. പി.കെ. സതീഷ്, ഷിബു പി.എൽ. എന്നിവർക്കെതിരെയാണ് നടപടി.
എറണാകുളത്ത് രണ്ട് ബാറുകൾക്കും കോട്ടയത്ത് ഒരു ബാറിനുമാണ് ഉദ്യോഗസ്ഥർ അനുമതി നൽകിയത്. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എക്സൈസ് മന്ത്രി എം. ലിജു, എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ മദ്യനയം പ്രഖ്യാപിച്ചശേഷം മാത്രമേ ബാർ ലൈസൻസുകൾ അനുവദിക്കാവൂ എന്നായിരുന്നു മന്ത്രിയുടെ നിർദേശം. എന്നാൽ നിലവിലുണ്ടായിരുന്ന എഫ്.എൽ.11 ലൈസൻസുള്ള ബിയർ-വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കുന്ന നടപടിയുടെ മറവിലാണ് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതെന്നാണ് വിവരം.
പുതിയ മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകേണ്ടതില്ലെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരുന്നത്. ഈ നിലപാടിന് വിരുദ്ധമായി ഉദ്യോഗസ്ഥർ ലൈസൻസ് അനുവദിച്ചത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.
