Headlines

ഇലക്ട്രിക് സ്കൂട്ടർ മോഷ്ടിച്ച് പാർട്സുകളാക്കി വിൽപ്പന; രാജസ്ഥാൻ സ്വദേശി പിടിയിൽ

അരൂർ: ഇലക്ട്രിക് സ്കൂട്ടർ മോഷ്ടിച്ച് അഴിച്ചുമാറ്റി വിവിധ ഭാഗങ്ങളാക്കി വിൽപ്പന നടത്തിയ കേസിൽ രാജസ്ഥാൻ സ്വദേശി കബീർ ഹുസൈനെ (25) അരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചന്തിരൂർ പാലത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന എരമല്ലൂർ സ്വദേശിയുടെ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്.

പകൽ സമയങ്ങളിൽ മൂന്നുചക്ര സൈക്കിളിൽ ആക്രി ശേഖരിക്കാനെന്ന വ്യാജേന സഞ്ചരിച്ച് മോഷണത്തിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്കൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പ്രതി താമസിച്ചിരുന്ന സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.

അരൂർ എസ്.എച്ച്.ഒ അബീഷ് വി.എയുടെ നേതൃത്വത്തിൽ എസ്.ഐ നന്ദു നാരായണൻ, എ.എസ്.ഐമാരായ സാജൻ, സുധീഷ് ചന്ദ്രബോസ്, സി.പി.ഒമാരായ പ്രശാന്ത്, ബിജോയ്, റിയാസ്, അമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മോഷണസംഘങ്ങൾ അരൂർ മേഖലയിലും പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Leave a Reply