
തേനി: അപസ്മാരം അഭിനയിച്ച് ജയിൽ ജീവനക്കാരെ വിളിച്ചുവരുത്തി കൂട്ടമായി ആക്രമിച്ച ശേഷം ഇരുട്ടിന്റെ മറവിൽ 17 തടവുകാർ ജയിൽചാടി. തമിഴ്‌നാട്ടിലെ തേനി സബ് ജയിലിൽ തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ നാലുപേരെ പോലീസ് പിടികൂടി. ശേഷിക്കുന്നവർക്കായി 17 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കി.
ഒരേ സെല്ലിൽ കഴിയുകയായിരുന്ന തടവുകാരിൽ ഒരാൾക്ക് കഠിനമായ അസുഖമാണെന്ന് നിലവിളിച്ചാണ് മറ്റുള്ളവർ ജീവനക്കാരെ വിളിച്ചുവരുത്തിയത്. വൈദ്യസഹായം നൽകാനായി സെല്ലിന്റെ വാതിൽ തുറന്നതോടെ തടവുകാർ ജീവനക്കാരെ കൂട്ടമായി ആക്രമിച്ച് കീഴടക്കുകയായിരുന്നു. തുടർന്ന് ജയിൽ വളപ്പിൽനിന്ന് പുറത്തുകടന്ന ഇവർ ഇരുട്ടിന്റെ മറവിൽ വിവിധ ദിശകളിലേക്ക് ചിതറിയോടി.
ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗ്രേഡ് II പോലീസ് കോൺസ്റ്റബിൾ തങ്കപാണ്ഡിയെ ജി. വിളക്കിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജീവനക്കാർക്ക് നിസ്സാര പരിക്കുകളേറ്റു.
സംഭവത്തിനു പിന്നാലെ തടവുകാരെ കണ്ടെത്താൻ വിവിധ ജില്ലകളെ ഏകോപിപ്പിച്ച് പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇതിനകം നാലുപേരെ കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ ഒരാളെ ജയിലിനു പിന്നിലെ കാടുമൂടിയ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്.
ഇടുക്കിയിലും ജാഗ്രത
രക്ഷപ്പെട്ടവർ സമീപ ജില്ലകളിലേക്കും അയൽസംസ്ഥാനങ്ങളിലേക്കും കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. ദിണ്ഡിഗൽ ജില്ലയിൽ 16 തന്ത്രപ്രധാന പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചതായി ജില്ലാ പോലീസ് മേധാവി എസ്. ജയകുമാർ അറിയിച്ചു. തടവുകാരുടെ ചിത്രങ്ങൾ മധുര, ദിണ്ഡിഗൽ, ഇടുക്കി പോലീസ് സംഘങ്ങൾക്ക് കൈമാറിയിട്ടുണ്ട്. പ്രധാന പാതകളിൽ വാഹന പരിശോധനയും ശക്തമാക്കി.
രക്ഷപ്പെട്ട വിചാരണത്തടവുകാരായ കറുപ്പസാമി (എലിയാസ് മദൻ), തരുൺ കുമാർ, രാജ്കുമാർ, പാണ്ടിസെൽവം, തിരുപ്പതി, പൊൻമുത്തുചെൽവൻ, മീനാക്ഷി സുന്ദരം, ശബരിനാഥൻ, റെജിൻ, നിഷാന്ത്, മുത്തു ഇളങ്കോവൻ, കാർത്തിക് രാജ, പ്രശാന്ത് (എലിയാസ് ലിംഗ പ്രശാന്ത്), രാജ സിക്കന്ദർ, ചിലമ്പരശൻ, സോലൈ മുകിലേശ്വരൻ എന്നിവരുടെ വിവരങ്ങളും ചിത്രങ്ങളും തേനി ജില്ലാ പോലീസ് പുറത്തുവിട്ടു.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ തേനി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ 9498101570 എന്ന നമ്പറിലോ പോലീസ് കൺട്രോൾ റൂമിലെ 9176104100 എന്ന നമ്പറിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ജയിൽചാട്ടത്തിലും ജീവനക്കാർക്കുനേരെയുണ്ടായ ആക്രമണത്തിലും പോലീസ് കേസെടുത്ത് ഉന്നതതല അന്വേഷണം ആരംഭിച്ചു. ജയിലിലെ സുരക്ഷാ വീഴ്ചയും പരിശോധിച്ചുവരികയാണെന്ന് ഐ.ജി. വിജേയന്ദ്ര ബിദാരി അറിയിച്ചു. ഒളിവിലുള്ള തടവുകാരെ കണ്ടെത്തുന്നതുവരെ 24 മണിക്കൂറും തിരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
