
കായംകുളം: വൈദ്യപരിശോധനയ്ക്കായി കായംകുളം ഗവ. ആശുപത്രിയിലെത്തിച്ച മോഷണക്കേസ് പ്രതി പോലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടു. കായംകുളം മണ്ണാശ്ശേരിൽ വീട്ടിൽ നസീം (21) ആണ് രക്ഷപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെ 3.15-ഓടെ കായംകുളം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ മതിയായ യാത്രാടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ കണ്ടതിനെത്തുടർന്നാണ് റെയിൽവേ പോലീസ് ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനയിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോട്ടോർ സൈക്കിൾ മോഷണക്കേസിലെ പ്രതിയാണെന്ന് വ്യക്തമായി.
തുടർന്ന് നസീമിനെ കായംകുളം റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം കായംകുളം പോലീസിന് കൈമാറി. വൈദ്യപരിശോധനയ്ക്കായി കായംകുളം ഗവ. ആശുപത്രിയിലെത്തിച്ച ഇയാൾ പരിശോധന പൂർത്തിയാക്കി പുറത്തേക്കിറങ്ങുന്നതിനിടെ പോലീസുകാരെ തള്ളിമാറ്റി ആശുപത്രിയുടെ തെക്കുഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ പിന്തുടർന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
