Headlines

ചേരാനല്ലൂർ അപകടം: പൊലീസ് തലപ്പത്ത് അഴിച്ചുപണി; കൊച്ചി കമ്മിഷണർ മാറും

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിലെ പൊലീസ് വീഴ്ചയിൽ സർക്കാർ നടപടി കടുപ്പിക്കുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിനെ മാറ്റി ആർ. നിശാന്തിനിയെ നിയമിക്കും. പി. പ്രകാശിനെ ദക്ഷിണമേഖലാ ഐജിയായും നിയമിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55കാരൻ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഉന്നതതല അഴിച്ചുപണിക്ക് വഴിവച്ചത്. സംഭവത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐയും സ്റ്റേഷൻ ഹൗസ് ഓഫീസറും ഉൾപ്പെടെ നാലുപേരെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.

ആഭ്യന്തര മന്ത്രിയുടെ കർശന ഇടപെടലിനു പിന്നാലെയാണ് നടപടികൾ ശക്തമാക്കിയത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിക്കുമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

Leave a Reply