Headlines

ചെന്താമരയ്ക്ക് തൂക്കുകയർ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് ശിക്ഷാവിധി പ്രസ്താവിച്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്)യുടെ നിരീക്ഷണം. കൊലപാതകങ്ങളിൽ പ്രതിക്ക് കുറ്റബോധമോ മാനസാന്തരത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നും കോടതി വിലയിരുത്തി. ജില്ലാ ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. നെന്മാറ തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി വന്നത്.

പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം പ്രതിയ്ക്ക് മാനസികപ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തി. കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണെന്ന് വിധി പ്രസ്താവത്തിൽ പരാമർശിച്ച കോടതി ചെയ്ത കുറ്റം ചെന്താമര ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. നേരിട്ട് കൊലപാതകം നടത്തുന്നത് നേരിട്ട് കണ്ട സാക്ഷിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.

2025 ജനുവരി 27-നാണ് കേസിന് ആസ്പമായ കൊലപാതകങ്ങൾ നടന്നത്. 2019 ഓഗസ്റ്റ് 31-ന് ബോയൻ ഉന്നതിയിൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇതേ കോടതി നേരത്തേ ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചതിനെത്തുടർന്ന് ചെന്താമര ഇപ്പോൾ ജയിലിലാണ്. ഈ കേസ് നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് മറ്റുരണ്ടുപേരെക്കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഒന്നരവർഷം കഴിഞ്ഞാണ് രണ്ടാമത്തെ കേസിൽ ശിക്ഷവിധിച്ചത്.

Leave a Reply