
കോഴിക്കോട്: പന്തീരാങ്കാവിൽ എംഡിഎംഎ പിടികൂടിയ കേസന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ച് കേരള പൊലീസ്. കേസുമായി ബന്ധപ്പെട്ട് നിലമ്പൂർ ചോക്കാട് സ്വദേശി അജ്മൽ, മലയിൻകീഴ് സ്വദേശിനിയും നഴ്സിങ് വിദ്യാർഥിനിയുമായ സൂര്യ എന്നിവരെ നോയിഡയിലെ ഫ്ലാറ്റിൽ നിന്ന് കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ ആകെ എണ്ണം ആറായി.
ആവശ്യക്കാരിൽനിന്ന് മുൻകൂട്ടി പണം വാങ്ങി എംഡിഎംഎ എത്തിച്ചുനൽകുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിന് പോയിരുന്ന സൂര്യ, ഏറെക്കാലമായി അജ്മലിനൊപ്പം നോയിഡയിൽ താമസിച്ചുവരികയായിരുന്നു. ഇരുവരും ചേർന്ന് കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടി രൂപയുടെ ലഹരി ഇടപാടുകൾ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, നിരവധി ഡെബിറ്റ്–ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡുകൾ, നോട്ടെണ്ണൽ യന്ത്രം, ഇലക്ട്രോണിക് ത്രാസ് എന്നിവ പിടിച്ചെടുത്തു. മൂന്ന് മാസം മുൻപ് പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണവുമാണ് നോയിഡയിലെ പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. ലഹരി വിതരണ ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
