
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സായുധ സംഘങ്ങളുടെ നടുക്കുന്ന അക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്.
തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ ഗ്രാമവാസികളുടെ വീടിന് നേരെ അജ്ഞാതർ വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തിൽ ലിങ്ജംഗൈ സിങ്‌സിത് എന്ന സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സെയ്‌നെ സിങ്‌സിത്, മകൻ എന്നിവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായില്ല.
രണ്ടാമത്തെ സംഭവം നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തിലാണ് റിപ്പോർട്ട് ചെയ്തത്. സാധനങ്ങൾ കൊണ്ടുപോകുകയായിരുന്ന ഗ്രാമവാസികൾക്ക് നേരെ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ ജൂലി ഗാംഗ്ടെ, തങ്വെൽ ഗാംഗ്ടെ എന്നിവർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ ഒരു സ്ത്രീയെക്കൂടി കാണാതായിട്ടുണ്ടെന്നും വിവരമുണ്ട്.
സംഭവങ്ങളെത്തുടർന്ന് പ്രദേശത്ത് കനത്ത ആശങ്ക നിലനിൽക്കുകയാണ്. മണിപ്പൂർ മുഖ്യമന്ത്രി യുൻഡം ഖേംചന്ദ് സിങ് ഉൾപ്പെടെയുള്ള പ്രമുഖർ സംഭവത്തിൽ അഗാധമായ ദുഃഖവും ശക്തമായ അപലപനവും രേഖപ്പെടുത്തി. അക്രമികളെ കണ്ടെത്താൻ പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശോധനയും കർശന നടപടികളും പുരോഗമിക്കുകയാണ്.
