
കൊച്ചി: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്സി) സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നവംബർ രണ്ടിലേക്ക് മാറ്റി ഹൈക്കോടതി. ഹർജി പരിഗണിക്കവെ സർക്കാറിനും പിഎസ്സിക്കുമെതിരെ ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശനം ആവർത്തിച്ചു. എത്ര സൂത്രം പ്രയോഗിച്ചാലും സത്യം പുറത്തുവരുമെന്നായിരുന്നു കോടതിയുടെ പരാമർശം.
കേസിൽ പിഎസ്സി രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി മുന്നോട്ടുപോകുകയാണെന്നും സർക്കാറിനുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫ് അലി കോടതിയെ അറിയിച്ചു. പിഎസ്സി നടപടികൾ ആരംഭിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം വാദിച്ചു.
‘സിബിഐ ഡയറിക്കുറിപ്പ്’ സിനിമയിൽ മമ്മൂട്ടിയും തിലകനും തമ്മിലുള്ള സംഭാഷണം പരാമർശിച്ചായിരുന്നു കോടതിയുടെ വിമർശനം. മങ്ങാട്ടച്ഛനും കുഞ്ഞാലി മുസ്ലിയാരും തമ്മിലുള്ള കഥയും കോടതി പരാമർശിച്ചു.
പിഎസ്സിക്കെതിരെ ആദ്യം കോടതിയെ സമീപിച്ച ഉദ്യോഗാർഥി ജയലാലിന് എതിർവാദം (ഒബ്ജക്ഷൻ) ഫയൽ ചെയ്യാൻ സമയം അനുവദിച്ചാണ് ഹർജി നവംബർ രണ്ടിലേക്ക് മാറ്റിയത്.
