Headlines

വ്യാജ ഒപ്പ് വിവാദം കത്തുന്നു; മേയർ രാജിവെക്കണമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: നഗരസഭയിലെ കൗൺസിൽ യോഗ രജിസ്റ്ററിൽ ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന കേസിൽ മേയർ വി.വി. രാജേഷിനെതിരെ പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്. മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതൽ എൽഡിഎഫ് കൗൺസിലർമാർ കോർപ്പറേഷന് മുന്നിൽ സമരം ആരംഭിച്ചു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് രാജി ആവശ്യം ശക്തമായത്. സിപിഐ എം ജില്ലാ സെക്രട്ടറി വി. ജോയിയും മുൻ മേയർ വി.കെ. പ്രശാന്തും മേയർക്കെതിരെ രംഗത്തെത്തി. പ്രതിഷേധത്തിനിടെ വി.വി. രാജേഷ് ഓഫീസിലെത്തിയതോടെ സമരക്കാർ പ്രതിഷേധം ശക്തമാക്കി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ തള്ളിമാറ്റി മേയറെ ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചു.

കാപ്പ കേസിൽ ഒളിവിൽ കഴിയുന്നതിനിടെ ആർ. സുഗതന്റെ ഒപ്പ് കൗൺസിൽ യോഗ രജിസ്റ്ററിൽ വ്യാജമായി രേഖപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ മേയർ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കോർപ്പറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ മ്യൂസിയം പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading