Headlines

ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറാതെ വിദ്യാർഥികൾ

കാസർകോട്: ആർഎസ്എസ് അനുകൂല സെമിനാറിനെതിരെ പ്രതിഷേധിച്ചതിന് വിദ്യാർഥി പ്രതിനിധികൾക്കെതിരെ സർവകലാശാല സ്വീകരിച്ച നടപടിയിൽ പ്രതിഷേധം ശക്തം. കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ സ്ഥാപിച്ച് മാർച്ച് തടയാനും ശ്രമിച്ചു. സസ്പെൻഷൻ ഉത്തരവുകൾ പിൻവലിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ.

വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് വിദ്യാർഥി പ്രതിനിധികൾക്കെതിരെ സർവകലാശാല നടപടി സ്വീകരിച്ചതോടെയാണ് ക്യാമ്പസിൽ പ്രതിഷേധം ശക്തമായത്. വ്യാഴാഴ്ച രാത്രി മുതൽ വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ സമരം കൂടുതൽ ശക്തമാക്കി. സർവകലാശാലയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്.

ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാനും ആശങ്കകൾ പ്രകടിപ്പിക്കാനുമുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ വിനിയോഗിച്ചതെന്ന് സമരക്കാർ പറഞ്ഞു. സസ്പെൻഷൻ ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നടപടി റദ്ദാക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്കരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധത്തിൽനിന്ന് പിന്മാറാൻ വിദ്യാർഥികൾ തയ്യാറായില്ല. മാർച്ച് തടയാൻ സ്ഥാപിച്ച ബാരിക്കേഡുകൾക്കു മുകളിൽ കയറിയും വിദ്യാർഥികൾ പ്രതിഷേധിച്ചു.

എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും രണ്ടാംവർഷ എംഎസ്ഡബ്ല്യു വിദ്യാർഥിയുമായ എസ്. സെയ്‌ദ് അലി, യൂണിറ്റ് കമ്മിറ്റി അംഗവും ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം വിദ്യാർഥിയുമായ വി.ബി. ആവേദ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് സർവകലാശാലയുടെ നടപടി. പ്രോക്ടർ പി. ശ്രീകുമാറിന്റെ ഉത്തരവിൽ വിദ്യാർഥികളെ പുറത്താക്കുകയും ഹോസ്റ്റലിലും ക്യാമ്പസിലും പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.

അതേസമയം, സമരത്തിൽ പങ്കെടുത്ത 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തിരുന്നു. നടപടികൾ പിൻവലിക്കണമെന്ന ആവശ്യവുമായി വിദ്യാർഥി പ്രതിഷേധം തുടരുകയാണ്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading