
തൃശൂർ: മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ വട്ടക്കല്ലിൽ തകരാറിനെത്തുടർന്ന് നിർത്തിയിട്ട കോഴിവണ്ടിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പട്ടിക്കാട് കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി 12.30ഓടെയായിരുന്നു അപകടം.
പട്ടിക്കാട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന പ്രവീൺ, മുടിക്കോട് പാലം ഇറങ്ങി വട്ടക്കല്ലിലെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക്ഡൗണിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന കോഴിവണ്ടിയുടെ പിന്നിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പ്രവീൺ ധരിച്ചിരുന്ന ഹെൽമറ്റ് പൂർണമായും തകർന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീൺ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിൽ സ്കൂട്ടറും പൂർണമായും തകർന്നു.
ജില്ലാ ആശുപത്രിയിലെ താൽക്കാലിക ലാബ് ടെക്നീഷ്യനായിരുന്നു പ്രവീൺ. പരേതനായ പ്രദീപിന്റെയും പ്രസന്നയുടെയും മകനാണ്. ഭാര്യ: അഞ്ജലി.
