Headlines

വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി; വിവാഹവാഗ്ദാനം നൽകി ചൂഷണം ചെയ്തെന്ന് പരാതി

നാഗ്പൂർ: വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവാവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്നും പിന്നീട് ആക്ഷേപകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ നാഗ്പൂർ ദന്തോളി പൊലീസ് അന്വേഷണം ആരംഭിച്ചു.

നാഗ്പൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി സുഹൃത്തിനൊപ്പമായിരുന്നു താമസം. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ 34കാരനായ യുവാവ് പൂണെയിൽ പി.എച്ച്.ഡി വിദ്യാർഥിയാണ്. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

കുറച്ച് മാസങ്ങൾക്ക് മുൻപ് യുവാവും സുഹൃത്തും യുവതിയുടെ മാതാവിനെ സമീപിച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. എന്നാൽ യുവാവിന്റെ വീട്ടുകാർ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചു. ഇക്കാര്യം യുവതിയിൽനിന്ന് മറച്ചുവെച്ച യുവാവ് നാഗ്പൂരിലെത്തി അവരെ കാണുന്നത് തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.

വിവാഹത്തെക്കുറിച്ച് യുവതി ആവർത്തിച്ച് ചോദിച്ചപ്പോഴും യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാൻ കഴിയില്ലെന്ന് ഇയാൾ യുവതിയെ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി. വിവാഹത്തിനായി സമ്മർദ്ദം ചെലുത്തിയാൽ യുവതിയുടെ ആക്ഷേപകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

സെപ്റ്റംബർ 19ന് രാത്രി യുവതി യുവാവിനെ വീഡിയോ കോളിൽ വിളിച്ച് ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് അറിയിച്ചതായാണ് പരാതി. എന്നാൽ യുവാവ് തടയാൻ ശ്രമിച്ചില്ലെന്നും വീഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചെന്നുമാണ് യുവതിയുടെ മാതാവ് ആരോപിക്കുന്നത്.

യുവതിയുടെ മരണശേഷവും 23 മിനിറ്റോളം വീഡിയോ കോൾ തുടർന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ദന്തോളി പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു.

ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തൽ, അവസാന വീഡിയോ കോളിനിടെയുണ്ടായ യുവാവിന്റെ പെരുമാറ്റം തുടങ്ങിയ ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. യുവാവിനെ ചോദ്യം ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading