
ബംഗളൂരു: നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. പുലകേശിനഗറിൽ ചൊവ്വാഴ്ചയാണ് സംഭവം. അലാവുദ്ദീൻ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.
സ്ഫോടനത്തിൽ ഇരുവരുടെയും തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവത്തെത്തുടർന്ന് ഭീകരവിരുദ്ധ സേന (എടിഎസ്), ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ (ഐഎസ്ഡി), ബോംബ് സ്ക്വാഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പുലകേശിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.
